നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഒപ്പം അമിത്ഷായും സഖ്യകക്ഷികളും

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയിലെ കളക്ട്രേറ്റിലാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മോദിയ്‌ക്കൊപ്പം ദേശീയ അധ്യക്ഷന്‍ അമിത്ഷായും സഖ്യകക്ഷികളുമുണ്ട്.

പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരുന്നു മോദി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ രാവിലെ 8 മണിയോടെ തുടങ്ങിയിരുന്നു.

നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരണാസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മാളവ്യയുടെ ശില്‍പ്പത്തില്‍ ഹാരാര്‍പ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്. ഏഴ് കിലോമീറ്ററോളം നീണ്ട റോഡ് ഷോ ദശാശ്വമേഥ് ഘട്ടിലാണ് സമാപിച്ചത്. ദശാശ്വമേഥ് ഘട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ,യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

Top