മോദിയുടെ അമേരിക്കന്‍ യാത്ര; വ്യോമപാത തുറന്നു തരണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: യു.എന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാന്റെ അനുവാദം തേടി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ഥനയോട് പാക്ക് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

21നാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും അത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളും എല്ലാം നിലനില്‍ക്കെയാണ് അമേരിക്കന്‍ സന്ദര്‍ശന യാത്രക്ക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യാത്രക്കായി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാനോട് ഇന്ത്യ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയിരുന്നു. അന്ന് പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Top