പാര്‍ട്ടി പിടിക്കാന്‍ അഖിലേഷ് യാദവ് പിതാവിനെ അപമാനിച്ചുവെന്ന ആരോപണവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പാര്‍ട്ടി പിടിക്കാന്‍ അഖിലേഷ് യാദവ് പിതാവ് മുലായം സിംഗ് യാദവിനെ അപമാനിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്വന്തം സീറ്റില്‍ തോല്‍വി ഭയക്കുന്ന അഖിലേഷ് ഒരിക്കല്‍ താന്‍ അപമാനിച്ച പിതാവിനോട് സഹായം തേടിയെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് കാറ്റിന്റെ ദിശ മനസിലാക്കാമെന്നും ചിലര്‍ സുരക്ഷിതമെന്ന് കരുതുന്ന സീറ്റ് പോലും അവരുടെ അടുത്തുനിന്നും വിട്ട് പോകുകയാണെന്നും മോദി ആരോപിച്ചു.

2017ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മുലായം സിംഗിനെ വേദിയില്‍ നിന്നും അഖിലേഷ് മാറ്റി നിര്‍ത്തി എന്ന തരത്തില്‍ പ്രചരിച്ച വീഡിയോ പരാമര്‍ശിച്ചായിരുന്നു അഖിലേഷിനെതിരെ മോദിയുടെ വിമര്‍ശനം. 2017ന് സമാനമായി 2022ലും യുപിയിലെ ജനങ്ങള് നിങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് ജനങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായി തനിക്ക് കേള്‍ക്കാമെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഉടനീളം പ്രചാരണങ്ങള്‍ക്ക് ഇറങ്ങാതിരുന്ന മുലായം സിംഗ് യാദവ് അഖിലേഷിന്റെ മണ്ഡലത്തില്‍ മാത്രം തുടര്‍ച്ചയായി പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് മോദിയുടെ വിമര്‍ശനം. യാദവ മുസ്‌ലിം വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള കര്‍ഹാളിലാണ് അഖിലേഷ് മത്സരിക്കുന്നത്.

Top