ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നുമാണ് നരേന്ദ്രമോദി വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐക്ക് നല്‍കി അഭിമുഖത്തില്‍ തുറന്നടിച്ചത്.
നിയമനടപടി പൂര്‍ത്തിയായതിനു ശേഷം സര്‍ക്കാരെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമായി കണ്ട് കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് വേളയില്‍തന്നെ പറഞ്ഞിരുന്നതാണ് ഈ വിഷയത്തില്‍ നിയമപരമായി ഒരു പരിഹാരം കൊണ്ടുവരുമെന്ന്. കേസില്‍ കോടതി വിധിക്ക് കാത്തിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ തടസം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു.
പാക്കിസ്ഥാന് നന്നാവാന്‍ ഇനിയും സമയം വേണ്ടിവരുമെന്നും മോദി പറഞ്ഞു. 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌കൊണ്ട് പാക്കിസ്ഥാന്‍ നന്നാവുമെന്ന് കരുതുന്നത് തെറ്റാണ്. ”ഒരു അടികിട്ടിയെന്നു കരുതി പാക്കിസ്ഥാന്‍ നന്നാവുമെന്ന് കരുതുന്നത് വലിയ തെറ്റാകും. അതിന് കുറെ സമയമെടുക്കും”. എന്നായിരുന്നെ മോദിയുടെ പ്രതികരണം.
നോട്ട് നിരോധനം മോദി ന്യായീകരിച്ചു. നോട്ടുനിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും വ്യക്തമാക്കി. ” അതൊരു പെട്ടെന്നുള്ള പ്രഖ്യാപനമായിരുന്നില്ല. ഒരു വര്‍ഷംമുമ്പുതന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം ഉണ്ടെങ്കില്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍കരുതിയത് മോദി മറ്റുള്ളവരെപ്പോലെ ആയിരിക്കുമെന്നാണ്. അതുകൊണ്ട് വളരെക്കുറച്ചുപേര്‍ മാത്രമാണ് മുന്നോട്ടുവന്നത്. മോദി പറഞ്ഞു.
ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ഊര്‍ജ്ജിത് പട്ടേല്‍ രാജിവെക്കുന്നത് തനിക്ക് നേരത്തെ അറിയുമായിരുന്നെന്നും മോദി വെളിപ്പെടുത്തി. അദ്ദേഹം സ്വയം രാജിവെച്ചതാണെന്നും രാജിയെക്കുറിച്ച് തനിക്ക് ആറ്, ഏഴ് മാസങ്ങള്‍ക്ക് മുമ്പുതന്നെ അറിയാമായിരുന്നെന്നും മോദി വ്യക്തമാക്കി. ആര്‍.ബി.ഐ ഗവര്‍ണറായി അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നെന്നും അഭിപ്രായപ്പെട്ടു.
2019തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനങ്ങളും മഹാസഖ്യവും തമ്മിലുള്ളതാകുമെന്നും മോദി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതിനിധിയായിരിക്കും താനെന്നും മോദി പറഞ്ഞു.
ശബരിമലയില്‍ 10-50 വയസുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്നും മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗസമത്വവും ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശബരിമല വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയ വനിതാ ജഡ്ജിയുടെ വിധിക്കുറിപ്പ് പ്രത്യേകം വായിക്കേണ്ടതാണ്. അവിടുത്തെ വിഷയം ആചാരമാണ്. ചില ക്ഷേത്രങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളുണ്ട്. ചില ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ര്ര് പ്രവേശിക്കാനാവില്ല. അവിടെ പുരുഷന്‍മാര്‍പോകാറുമില്ല. അക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ബന്ധിപ്പിക്കേണ്ടെന്നും മോദി പറഞ്ഞു.
റാഫേല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാസേനയെയാണ് ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദോക്‌ല വിഷയത്തില്‍ ഇന്ത്യയെ ചതിക്കുന്ന നടപടികള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നു മോദി വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് എന്ന ആര്‍.എസ്.എസ് ആവശ്യം പ്രധാനമന്ത്രി തള്ളിയത് രൂക്ഷമായ അഭിപ്രായ ഭിന്നതക്ക് ഇടയാക്കും.
രാമക്ഷേത്രനിര്‍മ്മാണത്തിനു വേണ്ടി പ്രത്യക്ഷസമരത്തിന് വിശ്വഹിന്ദു പരിഷത്തും ശിവസേനയും തയ്യാറെടുക്കുകയാണ്. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി ഭരണം പിടിച്ചത്. തീവ്ര ഹിന്ദുത്വം പയറ്റിയിട്ടും ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസാണ് വിജയിച്ചത്.
രാമക്ഷേത്ര നിര്‍മ്മാണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസിന്. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ എന്‍.ഡി.എയില്‍ ഇപ്പോഴുള്ള മതേതരകക്ഷികള്‍ അകലുമെന്ന ഭീതിയാണ് മോദിക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിശാലമതേതരസഖ്യം കെട്ടിപ്പടുക്കുമ്പോള്‍ സഖ്യകക്ഷികള്‍ നഷ്ടമായാല്‍ മോദിക്ക് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം നഷ്ടമാകും.
ബീഹാറില്‍ നിധീഷ്‌കുമാര്‍, രാംവിലാസ് പാസ്വാന്‍, മഹാരാഷ്ട്രയില്‍ രാംദാസ് അത്തേവാല അടക്കമുള്ള സഖ്യകക്ഷിനേതാക്കളെല്ലാം രാമക്ഷേത്ര നിര്‍മ്മിച്ചാല്‍ ബി.ജെ.പി ബന്ധം ഉപേക്ഷിക്കും. ഈ തിരിച്ചടി ഭയന്നാണ് പ്രധാനമന്ത്രിയുടെ മലക്കംമറിച്ചിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.