തങ്ങളാണ് കരുത്തുറ്റ നേതാക്കളെന്ന ബി.ജെ.പി വാദം വെറും പൊള്ളയാണെന്ന് കേജരിവാള്‍

Arvind Kejriwal

പനാജി: തങ്ങളാണ് കരുത്തുറ്റ നേതാക്കളെന്നും തങ്ങളുടേതാണ് കരുത്തുറ്റ സര്‍ക്കാരുകളെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോവ സര്‍ക്കാരും അവകാശപ്പെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജരിവാള്‍. എന്നാല്‍ ഇത് വെറും പൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാക് ചാര സംഘടനയായ ഐഎസ്ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പാക്കിസ്ഥാന്‍ അഭിപ്രായപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും കേജരിവാള്‍ വ്യക്തമാക്കി.

പുല്‍വാമ ആക്രമണത്തില്‍ 40 സൈനികരെ പാകിസ്ഥാന്‍ കൊന്നത് ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോയെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

”പാകിസ്ഥാനും ഇമ്രാന്‍ഖാനും പരസ്യമായി മോദിയെ സപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കിടയില്‍ രഹസ്യമായ ബന്ധമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത് ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം മോദിജിക്ക് വേണ്ടിയാണോ പാകിസ്ഥാന്‍ നടത്തിയതെന്നാണ്”. കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

Top