അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗറിയിൽ സൈനികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രജൗറിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ആർമി ബ്രിഗേഡ് ആസ്ഥാനത്തേയ്ക്കാണ് പ്രധാനമന്ത്രി എത്തിയത്.

ഭിംബര്‍ ഗാലി ബ്രിഗേഡില്‍ ഞായറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്. തുടര്‍ന്ന്സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്‍കി. ശത്രുക്കളില്‍നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രധാനമന്ത്രി അനുമോദിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

2014നു ശേഷം ഇതു മൂന്നാം തവണയാണ് കശ്മീരിലെ സൈനികർക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നതെങ്കിലും 370–ാം വകുപ്പ് നീക്കിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീർ സന്ദർശനമാണ് ഇത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നു സൈനികർ വാർത്താ ഏജൻ‌സിയോടു പറഞ്ഞു. രാജ്യത്തിന്റെ അതിർത്തികൾ കാക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സൈനികരുടെ മനോവീര്യം വർധിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വരവ്. മേഖലയിലെ സമാധാനത്തിനായി അതിർത്തിയിൽ ജാഗ്രത തുടരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൈനികർ പറഞ്ഞു.

Top