നടി റിയ ചക്രവർത്തിയുടെ വസതിയിൽ നാർകോട്ടിക്സ് റെയ്‌ഡ്

മുംബൈ∙ നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിൽ നാർക്കോട്ടിക് റെയ്ഡ്. നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. താരത്തിന്റെ അസോസിയേറ്റായ സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.

എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയും കൂടിയാണ് റെയ്ഡിന്റെ ലക്ഷ്യം.

ഇക്കഴിഞ്ഞ ദിവസമാണ് റിയയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയതെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്ത് വന്നത്. കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകള്‍ റിയ ഉപയോഗിക്കുകയും സുശാന്തിന് നല്‍കുകയും ചെയ്തതായുള്ള വിവരങ്ങളാണ് വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Top