നാര്‍കോട്ടിക്‌സ് ജിഹാദ്; ബിഷപ്പിന്റെ പ്രസ്താവനയെ ഒറ്റതിരിഞ്ഞ് കാണുന്നതെന്തിനെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ലോകം മുഴുവന്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണെന്ന് ചോദിച്ച സുരേന്ദ്രന്‍, ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാന്‍ നോക്കിയാല്‍ സമ്മതിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് ബിജെപി കീഴടങ്ങില്ല. ഭീഷണിപ്പെടുത്തി വായടിപ്പിക്കാന്‍ കഴിയില്ല. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ് എന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തില്‍ രണ്ട് അഭിപ്രായമാണ്. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, നാര്‍ക്കോട്ടിക് ജിഹാദില്‍ സാധൂകരിക്കാവുന്ന തെഴിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 

Top