മയക്കുമരുന്ന് കേസ് കേരള പൊലീസിലെ നാര്‍കോട്ടിക് സെല്‍ അന്വേഷിക്കണം; ചെന്നിത്തല

ബംഗളൂരു: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളും ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുളള ബന്ധം മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ലഹരിമരുന്ന് കേസ് പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് സഹായം ലഭിച്ചു. പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായിട്ടുളള ബന്ധവും അടുപ്പവും പണമിടപാടുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രി മൗനം വെടിയണം. ഭരണത്തിന്റെ തണലില്‍ സിപിഎം സെക്രട്ടറിയുടെ മകന് എന്തുമാകാമെന്നാണോ എന്നും ചെന്നിത്തല ചോദിച്ചു.

റമീസും അനൂപും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ പ്രതികളുമായിട്ടാണ് സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് ബംഗളുരുവിലാണ്. സ്വപ്നയ്ക്ക് മയക്കുമരുന്ന് സംഘവുമായിട്ടുളള ബന്ധം പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി മയക്കുമരുന്ന് വിപണനവും സ്വര്‍ണക്കളളക്കടത്തുമായി മാറുന്നു എന്നുളളത് കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. ഇതുസംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണം. മയക്കുമരുന്ന് കടത്തും വിതരണവും കേരള പോലീസിലെ നാര്‍കോട്ടിക് സെല്‍ അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top