നാര്‍കോട്ടിക് ജിഹാദ്; സമുദായ നേതാക്കളെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചല്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സമുദായ നേതാക്കളെ നേരില്‍ക്കണ്ടത് രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അതിരുവിടുന്നുവെന്ന് തോന്നിയപ്പോള്‍ പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടല്‍ കോണ്‍ഗ്രസിനെ മാതൃകയാക്കിയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവദാസന്‍ നായര്‍ക്കെതിരായ പാര്‍ട്ടി നടപടി പിന്‍വലിച്ചത് കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാകുമോയെന്ന് ഭയന്നിട്ടല്ലെന്നും വിശദീകരണം തൃപ്തികരമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരെ പൂവിട്ട് പൂജിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാലക്കാട്ട് പാര്‍ട്ടി വിട്ട എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തുകയാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50ാം വാര്‍ഷികാഘോഷ പരിപാടികള്‍ അവസാനിപ്പിച്ച കാര്യം തനിക്കറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top