നാര്‍കോട്ടിക് ജിഹാദ്; സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി.

ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും സതീശന്‍ ആവര്‍ത്തിച്ചു. മനപ്പൂര്‍വം വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തില്‍ അത് വളര്‍ത്താനിടയാക്കരുതെന്നും സതീശന്‍ ആവര്‍ത്തിച്ചു.

സിപിഎമ്മിന് ഈ വിഷയത്തില്‍ നിഗൂഡ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. ആ രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

 

Top