ഇന്ത്യയില്‍ മയക്കു മരുന്നിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധനവെന്ന് എന്‍.സി.ബി റിപ്പോര്‍ട്ട്

CANNABIS

ന്യൂഡല്‍ഹി:രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം വന്‍ തോതല്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങള്‍, ഏജന്‍സികള്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) പുറത്തുവിട്ട മയക്കുമരുന്നുവേട്ടയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവയുടെ ഉപയോഗത്തിലാണ് രാജ്യത്ത് വര്‍ധനവ് ഉണ്ടായത്. അഞ്ചുവര്‍ഷത്തിനിടെ മയക്കുമരുന്നു വേട്ടയില്‍ 300 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് എന്‍സിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013-നുശേഷമുള്ള ഏറ്റവും വലിയ വേട്ടയാണ് കഴിഞ്ഞവര്‍ഷം നടന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2017-ല്‍ മാത്രം നടന്ന മയക്കുമരുന്നു വേട്ടയില്‍ ആകെ 3.6 ലക്ഷം കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതില്‍ കറുപ്പ് 2551 കിലോഗ്രം, ഹെറോയിന്‍ 2146 കിലോ, കഞ്ചാവ് 3,52,379 കിലോ, ഹാഷിഷ് 3218 കിലോ, കൊക്കെയ്ന്‍ 69,2016 കിലോ എന്നിങ്ങനെയാണ്. അതേ സമയം, 2015-ല്‍ ഒരു ലക്ഷം മയക്കു മരുന്നാണ് പിടിച്ചെടുത്തത്.

സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന മയക്കുമരുന്നു വേട്ടയില്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017-ല്‍ മാത്രം പഞ്ചാബില്‍ നിന്ന് 505.86 കിലോയും രാജസ്ഥാന്‍- 426.95 കിലോ കറുപ്പും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഗുജറാത്ത് (1017 കിലോ), പഞ്ചാബ് (406 കിലോ) എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഹെറോയിനാണ് പിടിച്ചെടുത്തത് .ആന്ധ്രാപ്രദേശ് (78,767 കിലോ )ഒഡിഷ(- 55,875 കിലോ) എന്നവിടങ്ങളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. യു.പി (702 കിലോ) മധ്യപ്രദേശ്( 625 കിലോ) എന്നിവിടങ്ങളില്‍ നിന്ന് ഹാഷിഷും, ഡല്‍ഹി(30 കിലോ) മഹാരാഷ്ട്ര(21.83 കിലോ) തുടങ്ങിയ സംസ്ഥാനങ്ങളല്‍ നിന്നും കൊക്കെയനും, മണിപ്പുര്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, യു.പി., മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹെറോയിന്‍ കടത്തും പിടിച്ചു.

പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് പാക്ക് അതിര്‍ത്തി വഴിയാണ് കഞ്ചാവ് കടത്ത് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് കൊക്കെയ്ന്‍ എത്തുന്നത് നേപ്പാള്‍, കശ്മീര്‍ വഴിയിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വിമാനത്താവളങ്ങള്‍ വഴിയും മയക്കു മരുന്നു കടത്ത് സുലഭമാണ്. സൗന്ദര്യവര്‍ധകവസ്തുക്കള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് മയക്കു മരുന്നുകള്‍ കടത്തുന്നത്.

അതേ സമയം കഞ്ചാവ് ചെടി വളര്‍ത്തുന്നതിലും അഞ്ചുവര്‍ഷത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017-ല്‍ 7602 ഏക്കര്‍ കറുപ്പുചെടിയും, 8515 ഏക്കര്‍ കഞ്ചാവുചെടി വളര്‍ത്തുന്നതും കണ്ടെത്തിയതായും നാര്‍ക്കോട്ടിക് കേന്ദ്രം വെളിപ്പെടുത്തുന്നു.

Top