രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ അടുത്തിടെ ഇറങ്ങിയ തിയേറ്റര്‍ വിജയങ്ങളിലൊന്നായിരുന്നു. രജനിക്കോപ്പം കയ്യടി നേടിയ മറ്റൊരു താരങ്ങളാണ് മോഹന്‍ലാലും ശിവ രാജ്കുമാറും. ഇതില്‍ ശിവ രാജ്കുമാറിന്റെ നരസിംഹ എന്ന കഥാപാത്രം കേരളത്തിലെ സിനിമാ പ്രേമികളും ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ഈ കഥാപാത്രത്തിനെ നായകനാക്കി സ്പിന്‍ ഓഫ് ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നരസിംഹ തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണെന്ന് പറഞ്ഞിരിക്കുകയാണ് ശിവ രാജ്കുമാര്‍.
ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജയിലറിലെ കഥാപാത്രം കന്നഡ സിനിമയ്ക്ക് പുറത്ത് തനിക്കുതന്ന ഹൈപ്പിനെക്കുറിച്ച് ശിവരാജ് കുമാര്‍ പറഞ്ഞത്. ഇപ്പോള്‍ പലരും തന്നെ നരസിംഹ എന്നാണ് വിളിക്കുന്നതെന്നും. വെറും പത്ത് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. ഒരു തരത്തില്‍ ജീവിതത്തിലെ മാറ്റം തന്നെയാണിത്. അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ജീവിതം മാറി എന്നതുകൊണ്ടുദ്ദേശിച്ചത് ജനങ്ങള്‍ ഇവിടെ എനിക്ക് എന്തു നല്‍കി എന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. 80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനാണ് ഞാന്‍. ജയിലറില്‍ ഞാന്‍ വെറും എട്ടുമിനിറ്റുള്ള വേഷമാണ് ചെയ്തത്. ഇപ്പോഴവരെന്നെ വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അത് പുതിയ അനുഭവമായിരുന്നു. ശിവ രാജ്കുമാര്‍ പറഞ്ഞു.’
‘ഞാന്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതിയേക്കാം. പക്ഷേ സത്യം അതല്ല. ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതകണ്ട് എന്റെ ഭാര്യ പോലും ചോദിച്ചു, ഇവിടെ എന്താണ് നടക്കുന്നതെന്ന്. ചെന്നൈ, ഹൈദരാബാദ്, യു.എസ്, ദുബായ് തുടങ്ങി എവിടെ പോയാലും ജയിലറിന്റെ പേരുപറഞ്ഞാണ് ആളുകള്‍ എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അടുത്തിടെ ഒരു ഹോട്ടലില്‍ പോയപ്പോള്‍ 400-ഓളം തമിഴ്‌നാട്ടുകാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും വന്ന് സെല്‍ഫിയെടുത്തു. എനിക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടോ എന്ന് ഹോട്ടല്‍ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ ഈ സന്തോഷം ആസ്വദിക്കട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്.’
650 കോടിയിലേറെയാണ് ജയിലര്‍ ആഗോളതലത്തില്‍ നേടിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിനും ഏറെ കയ്യടി ലഭിച്ചിരുന്നു. ശ്രീനി സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ആണ് ശിവ രാജ്കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.