കാര്‍ത്തിക് നരേന്റെ നരഗാസൂരന്‍ സെപ്റ്റംബര്‍ 13ന് റിലീസിനെത്തും

കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന തമിഴ് ചിത്രം നരഗാസൂരന്‍ സെപ്റ്റംബര്‍ 13 വിനായകര്‍ ചതുര്‍ത്ഥി ദിനത്തില്‍ റിലീസിനെത്തും. ആഗസ്റ്റ് 31നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

2016ല്‍ റിലീസ് ചെയ്ത ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്.

സിനിമയെ രണ്ട് ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒന്ന് ഭയം, രണ്ട് മിത്ത്. നരഗാസൂരന്‍ ഒരു കെട്ടുകഥയായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ കോളിവുഡ് ചിത്രമാണ് നരഗാസൂരന്‍. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, ആത്മിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തോറ്റുപോയ ഒരു പിശാചിന്റെ കഥ’ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ഡ്രാമയായാണ് വരുന്നത്. 2009ല്‍ ആര്യ ത്രിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സര്‍വ്വത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. ബദ്രി കസ്തൂരിയുടെ ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോണ്‍ ഏദന്‍ യോഹന്‍ ആണ് സംഗീതം നല്‍കുന്നത്.

Top