ടൊവിനോ ചിത്രം നാരദൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്‍ത ചിത്രം നാരദൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മാർച്ച് 3ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ചിത്രം പ്രൈമിൽ പ്രദർശനം ആരംഭിച്ചു.

‘വൈറസി’നു ശേഷം ആഷിക് അബുവിൻറെ സംവിധാനത്തിലെത്തിയ ഫീച്ചർ ചിത്രമാണ് നാരദൻ. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിൻറേതായി പ്രദർശനത്തിനെത്തിയത്. പ്രേക്ഷകർക്കിടയിൽ തരംഗം തീർത്ത ‘മിന്നൽ മുരളി’ക്കു ശേഷം ടൊവീനോയുടേതായി പുറത്തെത്തിയ ചിത്രവുമാണ് നാരദൻ. ‘മായാനദി’ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിച്ച ചിത്രവുമാണിത്. ഒരു ടെലിവിഷൻ വാർത്താ ചാനലിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടൊവീനോ വാർത്താ അവതാരകനായി എത്തുന്നുണ്ട്.

ഉണ്ണി ആർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഇന്ദ്രൻസ്, രൺജി പണിക്കർ, ഷറഫുദ്ദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം ജാഫർ സാദ്ദിഖ്, സംഗീതം ഡിജെ ശേഖർ, പശ്ചാത്തലസംഗീതം യക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ, എഡിറ്റിംഗ് സൈജു ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, സൈജു ശ്രീധരൻ, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിബിൻ രവീന്ദർ, സ്റ്റിൽസ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കൽ, ആഷിക് അബു എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഒപിഎം സിനിമാസ്. നേരത്തെ ജനുവരി 27ന് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ മാർച്ച് 3ലേക്ക് നീട്ടുകയായിരുന്നു.

ഷെയിൻ നിഗം നായകനായ വെയിൽ ആണ് പ്രൈം വീഡിയോയുടെ അടുത്ത റിലീസ്. ഈ ചിത്രവും തിയറ്റർ റിലീസിനു ശേഷമുള്ള ഒടിടി റിലീസ് ആണ്. തിയറ്ററുകളിൽ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഷെയ്‍നിനൊപ്പം ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമൽ കെ എം സംവിധാനം ചെയ്‍ത പട എന്ന ചിത്രവും പ്രൈമിലൂടെ എത്തിയിരുന്നു. മാർച്ച് 30 ന് ആയിരുന്നു ഈ ചിത്രത്തിൻറെ ഒടിടി റിലീസ്.

Top