യാസ് ചുഴലിക്കാറ്റ്; നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് മാറ്റി

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നാരദ കൈക്കൂലി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് കൊല്‍ക്കത്ത ഹൈക്കോടതി. മുന്‍കരുതലെന്ന നിലയില്‍ ഹൈക്കോടതിയുടെ ഇന്നത്തെ ജുഡീഷ്യല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ജാമ്യം അനുവദിക്കണമെന്ന തൃണമൂല്‍ നേതാക്കളുടെ ആവശ്യം ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കാനിരുന്നത്. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സിബിഐ ഇന്നലെ പിന്‍വലിച്ചിരുന്നു. കേസ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സിബിഐ അടക്കം എല്ലാ കക്ഷികളും തങ്ങളുടെ നിലപാട് കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം.

Top