നാപ്പോളി സീരി എയില്‍ ഒന്നാം സ്ഥാനത്ത്; ഇന്‍സിഗ്‌നെക്ക് ഇരട്ടഗോളുകള്‍

ബൊളോഗ്‌നോയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു നാപ്പോളി ഇറ്റാലിയന്‍ സീരി എയില്‍ 10 മത്സരങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റന്‍ ലോറന്‍സോ ഇന്‍സിഗ്‌നെ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ ഫാബിയന്‍ റൂയിസ് ആണ് നാപ്പോളിയുടെ മറ്റെ ഗോള്‍ നേടിയത്. മത്സരത്തില്‍ വലിയ ആധിപത്യം കാണിച്ച നാപ്പോളി 18 മത്തെ മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെയാണ് മത്സരത്തില്‍ മുന്നിലെത്തിയത്. എല്‍മാസിന്റെ പാസില്‍ നിന്നു ബോക്‌സിന് പുറത്ത് നിന്ന് ഇടതു കാലന്‍ അടിയിലൂടെയാണ് റൂയിസ് ഗോള്‍ നേടിയത്. തുടര്‍ന്ന് 41 മിനിറ്റില്‍ ഇന്‍സിഗ്‌നെ പെനാല്‍ട്ടിയിലൂടെ നാപ്പോളിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. വാറിലൂടെ ഗാരി മെഡലിന്റെ ഹാന്റ് ബോളിന് ആണ് നാപ്പോളിക്ക് പെനാല്‍ട്ടി അനുവദിക്കപ്പെട്ടത്.

രണ്ടാം പകുതിയില്‍ 62 മിനിറ്റില്‍ വിക്ടര്‍ ഒസിമ്ഹാനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ട ഇന്‍സിഗ്‌നെ നാപ്പോളി ജയം ഉറപ്പിക്കുക ആയിരുന്നു. നിലവില്‍ നാപ്പോളിക്ക് ആയി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നാലാമത്തെ താരമായ ഇന്‍സിഗ്‌നെ ഇതിഹാസ താരം ഡീഗോ മറഡോണക്ക് വെറും രണ്ടു ഗോളുകള്‍ മാത്രം പിന്നിലാണ്.

മികച്ച ജയത്തോടെ നിലവില്‍ 10 കളികളില്‍ നിന്നു 28 പോയിന്റുകളുള്ള നാപ്പോളി ലീഗില്‍ ഒന്നാം സ്ഥാനത്ത് ആണ്. ലീഗില്‍ ഇത്ര തന്നെ പോയിന്റുകള്‍ എ. സി മിലാനും ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ നാപ്പോളി ആണ് മുന്നില്‍. മിലാന്റെ ഗോള്‍ വ്യത്യാസം 14 ആണെങ്കില്‍ നാപ്പോളിയുടെ ഗോള്‍ വ്യത്യാസം നിലവില്‍ 19 ആണ്. തോല്‍വിയോടെ നിലവില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആണ് ബൊളോഗ്‌നോ.

Top