യുദ്ധമേല്‍പ്പിച്ച നീറ്റലുമായികൾ നീണ്ട 50 വര്‍ഷത്തിനു ശേഷം മായ്ച്ചു കളഞ്ഞ് നപാം പെണ്‍കുട്ടി

ര്‍ഷങ്ങള്‍ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധക്കെടുതിയുടെ നിരവധി ചിത്രങ്ങളുണ്ട്‌. അതിലൊന്നാണ് 1972ല്‍ പേടിച്ച്‌ നിലവിളിച്ച്‌ ഓടിവരുന്ന കിം ഫുക്ക് എന്ന പെണ്‍കുട്ടിയുടെ ചിത്രം. ത്രാങ് ബാങ് എന്ന സ്ഥലത്ത് നാപാം ബോംബ് പതിക്കുമ്പോള്‍ പേടിച്ചരണ്ട കുട്ടികള്‍ ഒന്നിനുപുറകെ ഒന്നായി ഓടി. അപ്പോഴാണ് ശരീരമാകെ പൊള്ളലേറ്റ് നഗ്‌നയായ ഒരു ബാലിക അലറിക്കരഞ്ഞ് വരുന്നത്. ആദ്യം ചിത്രമെടുത്തു. പിന്നെ ആ ഫോട്ടോഗ്രാഫർ അവളെ രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചു.

അതാണ് പിന്നീട് ലോകത്തിന് യുദ്ധക്കെടുതി വിളിച്ചറിയിച്ച ടെറര്‍ ഓഫ് വാര്‍. 1973ലെ ലോക പ്രസ് ഫോട്ടോ അവാര്‍ഡും പുലിറ്റ്സര്‍ സമ്മാനവും ഈ ചിത്രത്തിന് കിട്ടി. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് പകര്‍ത്തിയ ആ ചിത്രം പിന്നീട് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ യുദ്ധചിത്രങ്ങളിലൊന്നായി.

വിയറ്റ്നാം യുദ്ധഭീകരകയ്ക്കെതിരെ ലോകജനതയ്ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആ ചിത്രത്തിന് സാധിച്ചു. നീണ്ട 50 വര്‍ഷക്കാലത്തിനൊടുവില്‍ യുദ്ധം തന്റെ ശരീരത്തില്‍ അവശേഷിപ്പിച്ച എല്ലാ പാടുകളും മായ്ച്ചിരിക്കുകയാണ് നപാം പെണ്‍കുട്ടിയെന്നറിയപ്പെടുന്ന കിം ഫുക്ക്. പൊള്ളിയ പാടുകള്‍ നീക്കം ചെയ്യാനുള്ള പതിനേഴാമത്തേയും അവസാനത്തേതുമായ ലേസര്‍ ചികിത്സയ്ക്കും ഫുക്ക് ചൊവ്വാഴ്ച വിധേയയായി.

മിയാമിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് 59 വയസുകാരിയായ ഫുക്ക് ലേസര്‍ ചികിസ്തയ്ക്ക് വിധേയയായത്. ഡോ ജില്‍ വൈബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്തത്. ശരീരത്തിന്റെ പിന്‍ ഭാഗത്ത് ബോംബാക്രമണത്തില്‍ കിം ഫുക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 17 സര്‍ജറികള്‍ക്കാണ് ഇവര്‍ പിന്നീട് വിധേയയായത്.

 

Top