യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നാലാം സീഡ് ആയ ജപ്പാന്‍ താരം നവോമി ഒസാക്ക. ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും ആണ് ഒസാക്കയ്ക്ക് ഇത്.

കളിച്ച മൂന്ന് ഗ്രാന്റ് സ്ലാം ഫൈനലിലും ജയം കാണാന്‍ താരത്തിന് ആയി. അതേസമയം യുഎസ് ഓപ്പണ്‍ ഫൈനലില്‍ മൂന്നാം തവണയാണ് അസരങ്ക പരാജയപ്പെടുന്നത്.

ആദ്യ സെറ്റില്‍ ഒസാക്കയുടെ ആദ്യ സര്‍വീസ് തന്നെ ബ്രൈക്ക് ചെയ്താണ് അസരങ്ക തുടങ്ങിയത്. ആ സെറ്റ് 6-1 നു അസരങ്ക 26 മിനിറ്റിനുള്ളില്‍ സ്വന്തമാക്കി. രണ്ടാം സെറ്റിലും തുടക്കത്തില്‍ അസരങ്കയ്ക്കായിരുന്നു മുന്നേറ്റം. എന്നാല്‍ പതുക്കെ മത്സരത്തില്‍ താളം കണ്ടത്തിയ ഒസാക്ക പിന്നീട് അസരങ്കയ്ക്ക് ഒരു അവസരവും നല്‍കിയില്ല.

രണ്ടാം സെറ്റ് 6-3ന് സ്വന്തമാക്കി ഒസാക്ക അസരങ്കയ്ക്ക് ഒപ്പമെത്തി. മൂന്നാം സെറ്റും രണ്ടാം സെറ്റിന്റെ തനിയാവര്‍ത്തനമായിരുന്നു. ഒടുവില്‍ ഒരു മണിക്കൂര്‍ 53 മിനിറ്റ് നീണ്ട മത്സരത്തിലെ മൂന്നാം സെറ്റും സ്വന്തമാക്കി ഒസാക്ക കിരീടമുയര്‍ത്തി. സ്‌കോര്‍ 1-6, 6-3, 6-3

Top