പാക് മണ്ണിലെ സിഖ് ഗുരുദ്വാര സംഭവം ; സിഎഎയ്ക്ക് കാരണം നിരത്തി ബിജെപി

പാകിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്കും, സിഖ് തീര്‍ത്ഥാടകര്‍ക്കും നേരെ നടന്ന അതിക്രമവും, കല്ലേറും ഇന്ത്യയില്‍ നിന്നും കനത്ത പ്രതിഷേധങ്ങള്‍ ഇടയാക്കിയിരുന്നു. ഇന്ത്യയില്‍ വിവാദം ആളിക്കത്തുന്ന പൗരത്വ നിയമത്തില്‍ പാകിസ്ഥാനിലെ അക്രമങ്ങള്‍ ‘വളമാക്കി’ മാറ്റാനാണ് ബിജെപി നേതാക്കളുടെയും, കേന്ദ്രമന്ത്രിമാരുടെയും ശ്രമം.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തെളിയിക്കുന്ന ഈ സംഭവങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യ ഇവര്‍ക്ക് പൗരത്വം നല്‍കണമെന്ന് വെളിവാക്കുന്നതായാണ് വാദം ഉയരുന്നത്. വെള്ളിയാഴ്ചയാണ് ലാഹോറിന് സമീപമുള്ള നാന്‍കാന സാഹിബ് ഗുരുദ്വാരയിലേക്ക് സംഘടിച്ചെത്തിയ ജനക്കൂട്ടം അതിക്രമം അഴിച്ചുവിട്ടത്. ഗുരുദ്വാരയില്‍ ഉണ്ടായിരുന്ന സിഖ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഇവര്‍ കല്ലെറിയുകയും ചെയ്തു. നാന്‍കാന സാഹിബില്‍ സിഖ് സമൂഹം വ്യാപകമായ അതിക്രമമാണ് നേരിടേണ്ടി വന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ഇതിലും കൂടുതല്‍ തെളിവ് ആവശ്യമുണ്ടോയെന്നാണ് കേന്ദ്രമന്ത്രി ഹര്‍ദിപ് സിംഗ് പുരി ചോദിച്ചത്. പാകിസ്ഥാനിലെ ന്യൂനപക്ഷ വേട്ടയും, സിഎഎയുടെ ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാകാത്തവരുടെ കണ്ണ് തുറപ്പിക്കാന്‍ ഈ സംഭവങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരപരാധികളെ പിടിച്ച് ബലംപ്രയോഗിച്ച് മതംമാറ്റാന്‍ നോക്കുകയും, കല്ലേറും നടക്കുമ്പോള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പാവയായ പ്രധാനമന്ത്രി വ്യാജ വീഡിയോ പങ്കുവെച്ച് സമയം കളയുകയാണെന്ന് ഡല്‍ഹി ബിജെപി എംപി ഗൗതം ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 18കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിച്ച സംഭവത്തിന്റെ പേരില്‍ ഏതാനും ആളുകളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഗുരുദ്വാരയ്ക്ക് നേരെ അക്രമം നടന്നത്.

Top