ബോക്സ് ഓഫീസില്‍ മികച്ച തുടക്കവുമായി നാനിയുടെ ദസറ

ഹൈദരാബാദ്: നാനി നായകനാകുന്ന ചിത്രം ‘ദസറ’ ലോകമെമ്പാടും കഴിഞ്ഞ ദിവസമാണ് റിലീസായത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ‘ദസറ’ കേരളത്തിൽ നൂറ്റിനാല്‍പതോളം സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.ഷൈൻ ടോം ചാക്കോ ‘ചിന്ന നമ്പി’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ശ്രീകാന്ത് ഒധേലയാണ് ചിത്രത്തിന്റെ സംവിധാനം

ഇപ്പോഴിതാ റിലീസ് ദിനത്തില്‍ ചിത്രം ബോക്സ്ഓഫീസില്‍ എത്ര നേടി എന്ന കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് ദസറ നേടുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. തെലുങ്കിലെ രണ്ടാം നിരയിലെ താരത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ഹൈപ്പും ആദ്യ ദിന കളക്ഷനുമാണ് ദസറ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.

നാനിയുടെ പാന്‍ ഇന്ത്യ റിലീസ് എന്ന് പറയാവുന്ന പടമാണ് ദസറ. തെലുങ്കിന് പുറമേ ഹിന്ദി, മലയാളം, തമിഴ് പതിപ്പുകള്‍ ഈ പടത്തിന്റേതായി ഇറങ്ങി. എല്ലാ പതിപ്പുകളും ചേര്‍ന്ന് റിലീസ് ദിനത്തില്‍ 18 കോടി രൂപ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ രാമനവമിക്ക് അവധി ആയതിനാല്‍ അതിന്റെ ഗുണവും ഈ ചിത്രത്തിന് കിട്ടി. വരുന്ന വാരാന്ത്യത്തില്‍ ഈ മേല്‍ക്കൈ ദസറ നിലനിര്‍ത്തിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും ‘ദസറ’യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ‘ദസറ’ മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു.

Top