ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയില്‍ നന്ദിനിയില്ല

വാഗതനായ ബി. സി നൗഫല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. കരുമാടിക്കുട്ടന്‍, അയാള്‍ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നന്ദിനിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ് അറിയിച്ചു. ചിത്രത്തില്‍ നന്ദിനി കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുമെന്നായിരുന്നു വാര്‍ത്ത.

‘ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുമ്പോള്‍ നന്ദിനിയും ഒരു പരസ്യത്തിന്റെ ഭാഗമായി എത്തിയിരുന്നു. നന്ദിനിയെ കണ്ട ആരോ ആണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ചിത്രത്തില്‍ നന്ദിനി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നും പറഞ്ഞത്’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.

കേരളത്തിലുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സാധാരണക്കാരനായ മലയാളിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഉസ്താദ് ഹോട്ടലിലെ ഫൈസിയും ചാര്‍ലിയില്‍ നിന്നുമൊക്കെ തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

Top