നന്ദന്‍ നിലേക്കനിയെ ഇന്‍ഫോസിസ് ചെയര്‍മാനായി നിയമിച്ചു

ബംഗളുരു: ഇന്‍ഫോസിസിന്റെ സ്ഥാപക ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യുട്ടീവുമായ നന്ദന്‍ നിലേക്കനിയെ ഇന്‍ഫോസിസ് ചെയര്‍മാനായി നിയമിച്ചു.

വിഷാല്‍ സിക്ക സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിലേക്കനിയുടെ നിയമനം. ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

ഇന്‍ഫോസിസിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് നിയമനത്തോട് നിലേക്കനി പ്രതികരിച്ചു.

ഇന്‍ഫോസിസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) വിഷാല്‍ സിക്ക ഈ മാസം 18ന് രാജിവച്ചിരുന്നു. പെട്ടെന്നുള്ള തീരുമാനമായിരുന്നെങ്കിലും കമ്പനിയുടെ സ്ഥാപകരുമായുള്ള പിണക്കങ്ങളാണ് രാജിക്കു കാരണമായത്. ഇതേതുടര്‍ന്ന് ഇടക്കാല സിഇഒ ആയി യു.ബി. പ്രവീണ്‍ റാവുവിനെ നിയമിച്ചിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍. നാരായണമൂര്‍ത്തി കുറച്ചുകാലങ്ങളായി സിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ വര്‍ഷിച്ചിരുന്നു. ഇതാണ് സിക്കയുടെ രാജിക്കു കാരണമെന്ന് ഇന്‍ഫോസിസ് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top