തെലുഗു നടനും മുൻ ആന്ധ്ര മുഖ്യമന്ത്രി എൻടിആറിന്റെ പൗത്രനുമായ നന്ദമുരി താരകരത്ന അന്തരിച്ചു

ബംഗളൂരു: തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ ‘യുവഗലം’ യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന കഴിഞ്ഞ 23 ദിവസമായി ബെംഗളുരുവിൽ ചികിത്സയിലായിരുന്നു.

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്റെ പേരക്കുട്ടിയാണ് താരക രത്ന. അദ്ദേഹത്തിന്റെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ ആയിരുന്നു. നായകനായും വില്ലനായും തെലുഗുസിനിമയിൽ സജീവമായി തുടർന്ന താരമാണ് നന്ദമുരി താരകരത്ന. ബന്ധു കൂടിയായ നാരാ ലോകേഷിന്റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരിൽ വച്ച് താരകരത്ന കുഴഞ്ഞുവീണത്.

തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബെംഗളുരുവിലെ നാരായണ ഹൃദയാലയയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അന്ന് രാത്രി തന്നെ താരകരത്നയെ മാറ്റി. ബലൂൺ ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ജീവൻ രക്ഷിക്കാനായില്ല. അലേഖ്യ റെഡ്ഡിയാണ് താരക രത്നയുടെ ഭാര്യ. ഒരു മകളുണ്ട്.

Top