ട്രംപിന്റെ ആ തീരുമാനം അമേരിക്കയെ അപായപ്പെടുത്തിയതിന് തുല്യം: നാന്‍സി പെലോസി

വാഷിംഗ്ടണ്‍: ഖുദ്‌സ് സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എടുത്ത തീരുമാനത്തെ വിമര്‍ശിച്ച് യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി രംഗത്ത്. സുലൈമാനിയെ വധിക്കാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കയെ അപായപ്പെടുത്തിയതിന് തുല്യമെന്നാണ് നാന്‍സി പെലോസിയിടെ വിമര്‍ശനം.

ഇറാനെതിരേ സൈനിക നടപടികള്‍ കൈക്കൊള്ളാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തില്‍ അധികാരം ചുരുക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുമെന്നും നാന്‍സി വ്യക്തമാക്കി. ജനപ്രതിനിധി സഭയുടെ വ്യക്തമായ അനുമതിയില്ലാതെയായിരുന്നു സുലൈമാനിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചതെന്നും നാന്‍സി പെലോസി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാക്കില്‍ വച്ച് കാമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തിയിരുന്നു. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്.

പിന്നീട് ഇന്നലെ അര്‍ധരാത്രി വീണ്ടും ഇറാന്‍ തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബാഗ്ദാദിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.

Top