സാമ്രാജ്യത്വ കഴുകന്റെ അഹങ്കാരം, തിരിച്ച് പണി കൊടുത്ത് നാന്‍സി പെലോസി

വാഷിംഗ്ടണ്‍: സാമ്രാജ്യത്വ കഴുകന്റെ അഹങ്കാരം നിറഞ്ഞ പ്രവൃത്തികളാണ് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പറഞ്ഞുവരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറിച്ചാണ്. ട്രംപിന്റെ പ്രധാന ശത്രുവും അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയ്ക്ക് ട്രംപ് ഹസ്തദാനം നിഷേധിച്ചു.

ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അഹങ്കാരത്തിലിരുന്ന ട്രംപ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. നാന്‍സിയുടെ ഹസ്തദാനം നിഷേധിക്കുന്ന ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്റെ പകര്‍പ്പ് നാന്‍സി പെലോസിക്ക് കൊടുത്തപ്പോഴായിരുന്നു അവര്‍ ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാല്‍ ട്രംപ് മുഖം തിരിക്കുകയായിരുന്നു.

ഉന്നതമായ പദവിയായ ഹൗസ് സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിക്ക് ഹസ്തദാനം നല്‍കുന്നത് ജനാധിപത്യമര്യാദ അനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്ത നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് അധിക്ഷേപിക്കുകയായിരുന്നു എന്ന ആരോപണങ്ങളുയരുന്നുണ്ട്.

എന്നാല്‍ നാന്‍സി പെലോസി അതേ വേദിയില്‍ വെച്ച് ട്രംപിന് പകരം വീട്ടുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ച് കീറി.

പ്രസംഗത്തിന്റെ ആദ്യഭാഗത്ത് ഇംപീച്ച്‌മെന്റിനെക്കുറിച്ച് ട്രംപ് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഓരോ നേട്ടം ട്രംപ് എണ്ണിപ്പറയുമ്പോഴും റിപ്പബ്ലിക്കന്‍സ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് കാണാമായിരുന്നു. ഡെമോക്രാറ്റുകള്‍ പലപ്പോഴും നിശ്ശബ്ദരായിരിക്കുകയായിരുന്നു.

അടുത്ത നാല് വര്‍ഷം കൂടി ട്രംപ് ഭരണം വേണമെന്ന മുദ്രാവാക്യങ്ങള്‍ പ്രസംഗത്തിനിടെ മുഴങ്ങി. ബരാക് ഒബാമയുടെ ഭരണകാലത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടു തന്റെ കാലത്തെ അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയെന്നാണ് ട്രംപിന്റെ വാദം.

Top