‘NaMo pens’ for board students raise hackles

ഗുജറാത്ത്‌:പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നമോ പേനകള്‍ വിതരണം ചെയ്തത് വിവാദമാകുന്നു. കാവി കവറുകളില്‍ പൊതിഞ്ഞ പേനകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും ഉണ്ട്. മാര്‍ച്ച് എട്ടിന് ബോര്‍ഡ് പരീക്ഷ തുടങ്ങുന്നതിന് മുമ്പായാണ് ഇവ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടത്.

നമോ പേനകളടങ്ങുന്ന അഞ്ച് മുതല്‍ പത്തുവരെ പായ്ക്കറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അഹമ്മദബാദിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഓരോ പായ്ക്കറ്റിലും അഞ്ച് പേനകളാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ചെയര്‍മാന്‍ ജെ ഷാ, ഡെപ്യൂട്ടി ചെയര്‍മാന്‍ ആര്‍ ആര്‍ താക്കര്‍ എന്നിവരുടെ സമ്മതം നേടിയ ശേഷമാണ് വിദ്യാര്‍ഥികള്‍ക്കിചയില്‍ വിതരണം ചെയ്യുന്നതിനായി പേനകള്‍ അയക്കുന്നതെന്ന് കമ്പനി കത്തില്‍ വ്യക്തമാക്കിയിരുന്നു.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും രാഷ്ട്രീയം കുത്തിവയ്ക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ 50,000 ത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതിന് പകരം വിദ്യാഭ്യാസ വ്യവസ്ഥയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തോടെയുള്ള പേനകള്‍ വിതരണം ചെയ്ത നടപടി അധ്യാപകരിലും അസംതൃപ്തിക്ക് വഴിവച്ചിട്ടുണ്ട്.

പേന വിതരണത്തിന് തങ്ങളുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന കമ്പനിയുടെ അവകാശവാദം ബോര്‍ഡ് അധികൃതര്‍ നിഷേധിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ളതിനാല്‍ ഇത്തരമൊരു നീക്കം അനുവദിക്കാനാവില്ലെന്ന് കമ്പനിയെ അഞ്ചു മാസം മുമ്പു തന്നെ അറിയിച്ചിരുന്നതാണെന്ന് ആര്‍ ആര്‍ താക്കര്‍ പറഞ്ഞു.

Top