ശരാശരിയില്‍ താഴെ, എന്തിന് പത്മഭൂഷണ്‍ നല്‍കി; നമ്പി നാരായണനെതിരെ സെന്‍കുമാര്‍

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തനിക്ക് ഇതുവരെ ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നുവെന്നും തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും, പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചത് ഇരട്ടി മധുരമെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കുമായി ബഹുമതി സമര്‍പ്പിക്കുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞിരുന്നു.

Top