നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് വിധിയില്‍ പ്രതികരിക്കാതെ ഇസ്രോ

ബംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസ് വിധിയില്‍ പ്രതികരിക്കാതെ ഇസ്രോ. ഐഎസ്ആര്‍ഒയ്ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരില്‍ നിന്നുമാണ് പണം ഈടാക്കുകയെന്നും കോടതി ഉത്തരവിട്ടിരുന്നു.

നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്നും കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

അതേസമയം വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒരുവിധ തെളിവും ഇല്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിരുന്നു.

Top