ഹൗഡി മോദിക്ക് സമാനമായി നമസ്‌തേ ട്രംപ്; അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നമസ്‌തേ ട്രംപ് പരിപാടി ഹൗഡി മോദിക്ക് സമാനമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് ആദ്യം എത്തുക. നമസ്‌തേ ട്രംപ് എന്ന പേരില്‍ വന്‍ സ്വീകരണമാണ് അഹമ്മദാബാദില്‍ ഒരുക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദില്‍ എത്തുന്ന ട്രംപ്, മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയെ അഭിസംബോധന ചെയ്യും റോഡ് ഷോ ആയിട്ടാണ് വിമാനത്താവളത്തില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ യാത്ര. പാതയോരങ്ങളില്‍ വന്‍ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രവീഷ് കുമാര് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 28 സ്റ്റേജുകളും ഒരുക്കും. ഇതില്‍ വിവിധ കലാകാരന്മാര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ജീവിതവും റോഡ്‌ഷോയില്‍ അവതരിപ്പിക്കും. അഹമ്മദാബാദ് കൂടാതെ ആഗ്രയും ഡല്‍ഹിയുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. ആഗ്രയിലെത്തി താജ്മഹല്‍ കണ്ടതിന് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ട്രംപ് പങ്കാളിയാകും.

Top