ജയില്‍ മോചിതരാക്കണം; വെല്ലൂര്‍ ജയിലില്‍ നളിനിയുടെ നിരാഹാര സമരം

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി വെല്ലൂര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ശിക്ഷാകാലാവധി കുറച്ച് ജയില്‍ മോചിതരാക്കണമെന്ന് ആവിശ്യപ്പെട്ടാണ് സമരം. ജയിലധികൃതര്‍ക്കയച്ച കത്തില്‍ താനും ഭര്‍ത്താവ് മുരുകനും 28 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറയുന്നു.

മകളുടെ വിവാഹത്തിനായി ഈ ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. ജൂലൈ 25 ന് പരോളില്‍ പോയ നളിനി 51 ദിവസങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തിയത്. 2016 ല്‍ അച്ഛന്റെമരണത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ പരോളും അനുവദിച്ചിരുന്നു.

ജയിലില്‍ ജനിച്ച നളിനിയുടെ മകള്‍ ചരിത്ര ശ്രീഹരന്‍ ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് ചാവേര്‍ സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.

Top