nalini netto-investigation plea rejected

തിരുവനന്തപുരം:ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതടക്കമുള്ള ആരോപണങ്ങളാണ് നളിനി നെറ്റോയ്‌ക്കെതിരെ ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.

എന്നാല്‍ ഹൈക്കോടതി പരിഗണിച്ച വിഷയം ആയതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി അനുമതി നല്‍കിയിരുന്നു.

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം പുറ്റിങ്ങല്‍ സംഭവം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്കരികിലെത്തുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പഞ്ഞിരുന്നു.

Top