ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മറച്ച് യുവതിക്കുമുന്നില്‍ നഗ്‌നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത്് യുവതിക്കുമുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കുറിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തന്‍പറമ്പില്‍ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്.

പനച്ചിക്കാട് മൂലക്കുളം നീലംചിറയില്‍ നടുറോഡില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ രണ്ട് നമ്പര്‍ പ്ലേറ്റും സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്.ഇടവഴിയില്‍ യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തി. യുവതി അടുത്തെത്തിയതോടെ ബൈക്കിലിരുന്ന് മോശമായി പെരുമാറിയ യുവാവിനെ യുവതി വീഡിയോയില്‍ പകര്‍ത്തുകയും ക്ഷുഭിതയായി പ്രതികരിക്കുകയുംചെയ്തു.

അതോടെ ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് ഓടിച്ചുപോയി.പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.മുന്‍പ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയത്. വിവാഹിതനായ പ്രതി ഭാര്യയുമായി വേര്‍പിരിഞ്ഞുകഴിയുകയാണ്. മുന്പും ഇയാള്‍ പൊതുസ്ഥലങ്ങളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Top