പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌; നജീബ്‌ കാന്തപുരത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡൽഹി : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസിൽ നജീബ്‌ കാന്തപുരം എംഎൽഎയ്‌ക്ക്‌ സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. ഈ കേസിൽ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടാൻ കഴിയില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. മതിയായ കാരണങ്ങൾ ഇല്ലാതെ എണ്ണാതിരുന്ന പോസ്‌റ്റൽ ബാലറ്റുകളുടെ കാര്യത്തിലുള്ള സൂക്ഷ്‌മ പരിശോധനകൾ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വാഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നത്‌ ഉൾപ്പടെയുള്ള വാദങ്ങളാണ്‌ നജീബ്‌ കാന്തപുരത്തിന്റെ അഭിഭാഷകർ ഉന്നയിച്ചത്‌. എന്നാൽ, ഈ വാദങ്ങൾ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ പൂർണമായും തള്ളിക്കളഞ്ഞു.

കേരളാ ഹൈക്കോടതി ഉത്തരവിൽ ഈ അവസരത്തിൽ ഇടപെടാൻ കഴിയില്ലെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഹൈക്കോടതി തന്നെ പരിഗണിക്കട്ടേയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹർജിക്കാരൻ 38 വോട്ടുകൾക്കാണ്‌ ജയിച്ചത്‌. അതേസമയം, 348 പോസ്‌റ്റൽ വോട്ടുകളുടെ കാര്യത്തിലാണ്‌ തർക്കമെന്നും കോടതി വാക്കാൽ പരാമർശിച്ചു. നേരത്തെ, നജീബ്‌ കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌ത്‌ എതിർ സ്ഥാനാർഥി ആയിരുന്ന കെ പി മുഹമദ്‌ മുസ്‌തഫ കേരളാ ഹൈക്കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ നൽകിയിരുന്നു. 348 പോസ്‌റ്റൽ വോട്ടുകൾ മതിയായ കാരണങ്ങൾ ഇല്ലാതെ എണ്ണിയില്ലെന്നും ഇതിൽ ഭൂരിഭാഗം വോട്ടുകളും തനിക്കായിരുന്നെന്നും ഉൾപ്പടെയുള്ള വാദങ്ങൾ ഉന്നയിച്ചായിരുന്നു പെറ്റീഷൻ. 38 വോട്ടിനാണ്‌ നജീബ്‌കാന്തപുരം ജയിച്ചത്‌.

മുസ്‌തഫയുടെ പെറ്റീഷന്‌ എതിരെ നജീബ്‌കാന്തപുരം സമർപ്പിച്ച ഹർജി ഹൈക്കോടതി 2022 നവംബറിൽ തള്ളി. പോസ്‌റ്റൽ വോട്ടുകൾ മതിയായ കാരണം കൂടാതെ എണ്ണിയില്ലെന്ന ആരോപണം വിശദമായി പരിശോധിക്കേണ്ടതാണെന്നും ഇലക്ഷൻ പെറ്റീഷൻ വിചാരണ ആവശ്യമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിന്‌ എതിരെയാണ്‌ നജീബ്‌ കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന്‌ ഫെബ്രുവരിയിൽ സുപ്രീംകോടതി നിലപാട്‌ എടുത്തു. ഹർജി തള്ളുമെന്ന്‌ ഉറപ്പായതോടെ, നജീബ്‌ കാന്തപുരത്തിന്റെ അഭിഭാഷകർ ഹർജി പിൻവലിച്ചു.

ഹൈക്കോടതിയിൽ കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്‌ നജീബ്‌ കാന്തപുരം പുതിയ അപേക്ഷയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, പുതിയ അപേക്ഷയിലെ ആവശ്യങ്ങളും സുപ്രീംകോടതി തള്ളിയതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കുമെന്ന്‌ ഉറപ്പായി. ഹൈക്കോടതിയിൽ 25 സാക്ഷികളിൽ 13 പേരുടെ വിസ്‌താരം പൂർത്തിയായിട്ടുണ്ട്‌. സുപ്രീംകോടതിയിൽ കെ പി മുഹമദ്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി അഡ്വ. ഇഎംഎസ്‌ അനാം, നജീബ്‌ കാന്തപുരത്തിന്‌ വേണ്ടി അഡ്വ. ഹാരീസ്‌ ബീരാൻ എന്നിവർ ഹാജരായി.

Top