നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ്;ബിജിപി പാളയത്തില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബിജിപി പാളയത്തില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. 54 സീറ്റുകളില്‍ 31 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ വെറും 14 ഇടത്ത് മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാനായത്. പത്തിടത്ത് എന്‍സിപി വിജയിച്ചു. ശിവസേനയ്ക്ക് വെറും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

പാല്‍ഘട്ട്, നാഗ്പുര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്.

പാല്‍ഘട്ടില്‍ ഇതുവരെ ഫലമറിഞ്ഞപ്പോള്‍ 18 സീറ്റുകള്‍ നേടി ശിവസേനയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍സിപിയും ബിജെപിയും പത്ത് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി.

നന്ദുര്‍ബാറില്‍ 24 സീറ്റുകള്‍ ഉറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ശിവസേന നാലിടത്തും എന്‍സിപി മൂന്നിടത്തും വിജയിച്ചപ്പോള്‍ ബിജെപി ആറ് സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്.അകോളയില്‍ ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് ബിജെപിയും ശിവസേനയും നാല് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. പലയിടങ്ങളിലും ഉച്ചകഴിഞ്ഞും വോട്ടെണ്ണല്‍ തുടരുകയാണ്.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപി-ശിവസേന സഖ്യമായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി രൂപവത്കരണത്തോടെ ശിവസേനയും ബിജെപിയും വേര്‍പിരിഞ്ഞു. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കും ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യമായുമാണ് മത്സരിച്ചത്.

Top