ഇതിനായിരുന്നു. . .? നാഗേശ്വര റാവു കേന്ദ്രത്തിന് പുതിയ തലവേദന

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനത്തിലും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. റാവുവിനെതിരെ കേസ് അട്ടിമറിക്കല്‍, സാമ്പത്തിക തിരിമറി തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മോദി സര്‍ക്കാര്‍ വീണ്ടും വെട്ടിലായത്. അതിനിടെ സിബിഐ തലപ്പത്തെ ‘തമ്മിലടി’ തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റാന്‍ പ്രതിപക്ഷവും ഒരുങ്ങുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് ഇടംപിടിച്ച സിബിഐയുടെ തലപ്പത്തേക്ക് എത്തിയ എന്‍.നാഗേശ്വരറാവുവിനെതിരെയും നിരവധി അഴിമതി ആരോപണങ്ങളാണ്‌ ഉയരുന്നത്. രാജ്യത്തെ മുന്‍നിരയില്‍ നില്‍ക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ തന്നെ ഇത്തരത്തില്‍ പടലപ്പിണക്കങ്ങള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരുടെ അഴിമതികഥകള്‍ പുറത്തുവരുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തത്തിലാഴ്ത്തി കഴിഞ്ഞു.

സിബിഐ സംഭവങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന പ്രതിപക്ഷവും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇതിനോടകം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു തുടങ്ങി. ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ആണ് രൂക്ഷമായ ഭാഷയില്‍ മോദിക്കെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. മോദി സര്‍ക്കാരിനൊപ്പം ഒരു ഘട്ടത്തില്‍ കൂടെ നിന്ന നേതാവ് ആയിരുന്നു ചന്ദ്രബാബു നായിഡു. സിബിഐയിലെ സംഭവങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണം. നിലവിലെ സംഭവങ്ങളുടെ ഉത്തരവാദി പ്രധാനമന്ത്രി തന്നെയാണ്. റാഫേല്‍ ഇടപാടില്‍ ചില ഫയലുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അലോക് വര്‍മ്മയെ സിബിഐ ആസ്ഥാനത്ത് മാറ്റിയതെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള നീക്കവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയും കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ സംവിധാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് പ്രവര്‍ത്തനം അട്ടിമറിക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട് പോകാനാണ് പ്രതിപക്ഷ തീരുമാനം. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സഭയെയും പ്രതിരോധത്തിലാക്കാന്‍ കൂടുതല്‍ ഘടകകക്ഷികളുമായി പ്രതിപക്ഷം ചര്‍ച്ചകള്‍ തുടങ്ങി. അതേസമയം ഭരണപക്ഷമാകട്ടെ പ്രതിപക്ഷത്തോട് കടുത്ത ഏറ്റുമുട്ടലിന് തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുമ്പോഴും സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ അടുത്ത നീക്കത്തെ ബിജെപി കരുതലയോടെയാണ് കാണുന്നത്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായ അസ്താന മോദിയുടെ വിശ്വസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ അലോക് വര്‍മ്മ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമ്പാള്‍ എങ്ങനെ നേരിടണമെന്ന ചിന്തയും ബിജെപി നേതൃത്വത്തില്‍ സജീവമാണ്. താല്‍ക്കാലിക പ്രതിസന്ധി മറികടന്നുവെന്നാണ് ബിജെപി നേതാക്കളുടെ നിലവിലെ വിലയിരുത്തല്‍. തുടര്‍ന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൃത്യസമയത്ത് നല്‍കുമെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Top