നാഗമ്പടം പാലം പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു

കോട്ടയം: കോട്ടയം നാഗമ്പടം പാലം പൊളിച്ച് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി 12 മണി മുതലാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്.

പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രി വരെയാണ് നിയന്ത്രണം. ഇതുവഴിയുള്ള 21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടും. റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.

പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. പണി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ പാലം പൂര്‍ണമായി പൊളിച്ചു നീക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

300 ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ പാലത്തിന്റെ ഇരുവശത്തും പ്രവര്‍ത്തിപ്പിക്കും. പൊളിക്കുമ്പോള്‍ പാലത്തിന്റെ ഭാഗങ്ങള്‍ താഴേക്ക് അടര്‍ന്ന് വീഴാതിരിക്കുന്നതിനായി ഇരുമ്പ് ബ്ലോക്കുകള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തും. ഇത് ചെറിയ ഭാഗങ്ങളായി പൊളിച്ചു നീക്കും.

Top