നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം തകര്‍ക്കാന്‍ പുതിയ വഴി പരീക്ഷിക്കുന്നു

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം തകര്‍ക്കാന്‍ പുതിയ വഴി പരീക്ഷിക്കാനൊരുങ്ങുന്നു. നിയന്ത്രിത സ്ഫോടനത്തിലും പാലം കുലുങ്ങാതെ നിന്നതോടെ പഴയ മേല്‍പ്പാലം എടുത്തുമാറ്റി പൊട്ടിച്ചു നീക്കുവാനാണ് പദ്ധതി.

പാലം ഏതാനും മീറ്ററുകള്‍ ഉയര്‍ത്തുകയും, അതിന് ശേഷം ക്രെയിനും സ്റ്റീല്‍ ഗാര്‍ഡറുകളും ഉപയോഗിച്ച് സ്റ്റേഡിയം ഭാഗത്തേക്ക് തള്ളിനീക്കുകയും ചെയ്യും. പിന്നാലെ, സ്റ്റേഡിയത്തിനും റെയില്‍പാളത്തിനും ഇടയിലുള്ള ഭാഗത്ത് ജാക്ക് ഉപയോഗിച്ച് ഇറക്കിവെച്ചതിന് ശേഷം ഘട്ടംഘട്ടമായി പൊട്ടിച്ചു നീക്കുവാനാണ് നീക്കം.

സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടത് സംബന്ധിച്ച് റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാകും പുതിയ ശ്രമങ്ങള്‍ ആരംഭിക്കുക എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രണ്ട് വട്ടം നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും സാധിച്ചിരുന്നില്ല.

ചെന്നൈയില്‍ നിന്നുമുള്ള റെയില്‍വേയുടെ ഉന്നത തല സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഇവിടെ കൂടിയുള്ള ട്രെയിനിന്റെ വേഗ നിയന്ത്രണം 20 കിലോമീറ്ററായി തന്നെ തുടരും. പഴയ മേല്‍പാലം എടുത്തുയര്‍ത്തി പൊട്ടിക്കുന്നതിന് മുന്‍പ്, നാല് മണിക്കൂര്‍ ഇവിടെ കൂടിയുള്ള ട്രെയിന്‍ ഗതാഗതം നാല് മണിക്കൂര്‍ നിരോധിച്ചാവും നടപടികള്‍ ആരംഭിക്കുക.

Top