കനത്ത സുരക്ഷയില്‍ മേഘാലയയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് ആരംഭിച്ചു

election

ഷില്ലോംഗ്: വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ,നാഗാലാന്റ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെയാണ് പോളിങ്.

ഗോത്ര വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലേയും മൊത്തം 60 സീറ്റുകളാണ് രണ്ടിടത്തും ഉള്ളതെങ്കിലും 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മേഘാലയയില്‍ വില്യം നഗര്‍ മണ്ഡലത്തിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ എന്‍ സി പി സ്ഥാനാര്‍ഥി ജൊനാതന്‍ എന്‍ സാംഗ്മ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഈ മാസം 18നാണ് ഐ ഇ ഡി സ്‌ഫോടനത്തില്‍ സാംഗ്മ കൊല്ലപ്പെട്ടത്.

നാഗാലാന്‍ഡില്‍ വടക്കന്‍ അംഗാമി-2 മണ്ഡലത്തില്‍ നിന്ന് എന്‍ ഡി പി പി മേധാവി നൈഫിയു റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നേരത്തേ വോട്ടെടുപ്പ് നടന്ന ത്രിപുരക്കൊപ്പം മേഘാലയയിലെയും നാഗാലാന്‍ഡിലെയും ഫലം മാര്‍ച്ച് മൂന്നിന് വരും.

പത്ത് വര്‍ഷമായി ഭരണത്തിലുള്ള മേഘാലയില്‍ ഇത്തവണയും ഭരണം നിലനിറുത്താനാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നാഗാലാന്റില്‍ പുതിയ സഖ്യവുമായാണ് ബിജെപി മത്സരം.

ത്രിപുരയില്‍ കാണിച്ച ആവേശം മേഘാലയിലും ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം പൂര്‍ണമാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

നാഗാലാന്‍ഡില്‍ മൊത്തം 11,91,513 വോട്ടര്‍മാരാണ് ഉള്ളത്. 50.50 ശതമാനം പുരുഷന്‍മാരാണ്. മൊത്തം 227 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നാഗാ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ബഹിഷ്‌കരണ ആഹ്വാനത്തിനിടെയാണ് വോട്ടെടുപ്പ്. 281 കമ്പനി സി ആര്‍ പി എഫ് ജവാന്‍മാരെ വിന്യസിച്ചിട്ടുണ്ട്.

മേഘാലയയില്‍ മൊത്തം 370 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. 32 പേര്‍ സ്ത്രീകളാണ്. ഇത്തവണ 67 സമ്പൂര്‍ണ വനിതാ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 18.4 ലക്ഷം വോട്ടര്‍മാരുണ്ട്. 3,083 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Top