മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഓഫീസര്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ !

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കുന്നതായി രാഷ്ട്രപതിഭവന്‍ അറിയിച്ചു.

നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയാണ് നിയമിച്ചിരിക്കുന്നത്. 1976 ബാച്ച് കേരള കേഡര്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് ആര്‍ എന്‍ രവി. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ആര്‍.എന്‍.രവി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മേധാവി രജീന്ദര്‍ ഖന്ന, നയതന്ത്രജ്ഞന്‍ പങ്കജ് ശരണ്‍ എന്നിവര്‍ക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മൂന്നാമത്തെ ഡെപ്യൂട്ടി ആയിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ വിശ്വസ്ഥനായിരുന്നു ആര്‍.എന്‍.രവി.

30 വര്‍ഷത്തോളം പൊലീസില്‍ പ്രവര്‍ത്തിച്ച ശേഷം 2012ല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷല്‍ ഡയറക്ടര്‍ ആയിരിക്കെയാണു രവി വിരമിച്ചത്. നാഗാ കലാപകാരികളുമായി കേന്ദ്ര സര്‍ക്കാരിനു വേണ്ടി സമാധാനചര്‍ച്ച നടത്തിയതും ഒത്തുതീര്‍പ്പു കരാറിനു നേതൃത്വം നല്‍കിയതും രവിയാണ്.

മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ആനന്ദി ബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശിലേക്ക് മാറ്റി. മധ്യപ്രദേശില്‍ പട്ടേലിനു പകരം ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്‍ ചുമതലയേല്‍ക്കും. ലാല്‍ജിയ്ക്കു പകരം ബിഹാറില്‍ ഫഗു ചൗഹാന്‍ ചുമതലയേല്‍ക്കും. രമേശ് ബായിസിനെ തൃപുര ഗവര്‍ണറായി നിയമിച്ചപ്പോള്‍ പ്രമുഖ അഭിഭാഷകനും മുന്‍ ജനതാദള്‍ എംപിയുമായ ജഗ്ദീപ് ധന്‍ഖര്‍ ബംഗാള്‍ ഗവര്‍ണറാകും.

Top