നാഗ തീവ്രവാദി സംഘടന എന്‍.എസ്.സി.എന്‍-കെ നേതാവ് എസ്.എസ്. ഖപ് ലാങ് അന്തരിച്ചു

ന്യൂഡല്‍ഹി: നാഗ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്‍-കെ നേതാവ് എസ്.എസ്. ഖപ് ലാങ് (77) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മ്യാന്‍മാറില്‍ വെച്ചായിരുന്നു അന്ത്യം.

1940ല്‍ കിഴക്കന്‍ മ്യാന്‍മാറില്‍ ജനിച്ച ഖപ് ലാങ് 1964ലാണ് നാഗ നാഷണലിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമാകുന്നത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റി(എന്‍.എസ്.സി.എന്‍)ന്റെ സ്ഥാപകരിലൊരാളായിരുന്നു ഖപ് ലാങ് . പിന്നീട് സംഘടനയില്‍ പിളര്‍പ്പുണ്ടാകുകയും 1988ല്‍ ഖപ് ലാങ് എന്‍.എസ്.സി.എന്‍-കെ രൂപീകരിക്കുകയും ചെയ്തു.

മ്യാന്‍മാറിലെ ഹെമി നാഗ വിഭാഗക്കാരനായ ഖപ് ലാങ് മ്യാന്‍മാറില്‍ നിന്നാണ് ആക്രമണങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

ഇന്ത്യന്‍ സൈന്യത്തെനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട എന്‍.എസ്.സി.എന്‍-കെ സൈന്യത്തെ കൊള്ളയടിക്കുക പതിവായിരുന്നു. 2015 ജൂണ്‍ 4ന് മണിപ്പൂരില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇവരുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൊണ്ട് 2015ല്‍ സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു.

Top