പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്ന് വീട് പണിമുടങ്ങി; സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മുന്‍ സൈനികന്‍

കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്ന സൈനികന്‍ ഇപ്പോള്‍ വീടെന്ന സ്വപ്‌നവുമായി അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങി നടക്കുകയാണ്. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. അരിക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഏക്കാട്ടൂരില്‍ പി.എം. വിശ്വനാഥന്‍ എന്ന സൈനികനാണ് ഈ ദുര്‍വിധി വന്നിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തിലെ വിശിഷ്ടസേവനത്തിന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമില്‍നിന്ന് മെഡലും പ്രശസ്തിപത്രവും ലഭിച്ച ഈ സൈനികന്‍ പട്ടാളത്തില്‍നിന്ന് ഹവില്‍ദാര്‍ ക്യാപ്റ്റനായി വിരമിച്ച് ഇപ്പോള്‍ നാട്ടിലുണ്ട്. നാട്ടിലെത്തിയ നാള്‍ മുതല്‍ ഒരു വീടിനായി പലയിടങ്ങള്‍ കയറിയിറങ്ങി നടക്കുകയാണ് അദ്ദേഹമിപ്പോള്‍. സി.പി.എമ്മിന്റെ അപ്രഖ്യാപിത വിലക്കില്‍ കുരുങ്ങിയാണ് അദ്ദേഹത്തിന്റെ സ്വപ്‌നം ഇപ്പോള്‍ നില്‍ക്കുന്നത്.

വിശ്വനാഥന്‍ വീട് നിര്‍മിക്കുന്നതിനുള്ള അനുമതിക്കായി ശ്രമമാരംഭിച്ചത് 2014 ഒക്ടോബറിലാണ് 2017 ജൂണില്‍ ആര്‍.ഡി.ഒ. അനുമതിനല്‍കിയെങ്കിലും സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്ന് നിര്‍മാണം മുടങ്ങിയതോടെ അതേസ്ഥലത്ത് ടാര്‍പ്പോളില്‍ ഷീറ്റിട്ട ചെറിയ കൂരയിലാണ് 33 വര്‍ഷം രാഷ്ട്രസേവനം നടത്തിയ ഈ മുന്‍സൈനികന്‍ താമസിക്കുന്നത്.

2017 സെപ്റ്റംബറില്‍ നടുവണ്ണൂര്‍-ഇരിങ്ങല്‍ റോഡില്‍ നഞ്ച് ഭൂമി നികത്തി വീടുവയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ തണ്ണീര്‍ത്തട നിയമം ലംഘിച്ച് മണ്ണിട്ടുനികത്തുന്നതായി കാണിച്ച് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെ വിശ്വനാഥന്റെ വീടുനിര്‍മാണം മുടങ്ങി.

2017 നവംബറില്‍ കളക്ടര്‍ക്ക് നല്‍കിയ മറുപടിയില്‍ വില്ലേജ് ഓഫീസര്‍ പറയുന്നത് സി.പി.എം. ഏക്കാട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി റവന്യൂ ഡിവിഷന്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന കുളം നികത്തിയതായും അനുമതിയില്ലാതെ ഷെഡ്ഡ് നിര്‍മിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത് എന്നാണ്.എന്നാല്‍, 10 സെന്റില്‍ കൂടുതല്‍ നഞ്ച് ഭൂമി നികത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനാണ് ആര്‍.ഡി.ഒ. നിര്‍ദേശിച്ചത് എന്ന് രേഖകളില്‍നിന്ന് വ്യക്തമാവുന്നു.

നേതാക്കള്‍ ചോദിച്ച തുക നല്‍കാത്തതിനാണ് തന്നോടുള്ള ഈ പകയ്ക്ക് കാരണം എന്നാണ് വിശ്വനാഥന്റെ ആരോപണം. ബ്രാഞ്ച് സെക്രട്ടറി ഒരു ലക്ഷം രൂപ നല്‍കി സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് നല്‍കാത്തതിലുള്ള പകപോക്കലാണ് പാര്‍ട്ടിയെ മുന്‍നിര്‍ത്തി തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്നതെന്നും വിശ്വനാഥന്‍ പറയുന്നു.

അതേസമയം ആര്‍.ഡി.ഒ.യുടെ അനുമതിയോടെ 10 സെന്റ് വയല്‍ഭൂമി നികത്തി വീടുനിര്‍മിക്കുന്നത് സി.പി.എം. പ്രാദേശിക നേതൃത്വം എതിര്‍ത്തിട്ടില്ല. 45 സെന്റ് വരെ വയല്‍ഭൂമി നികത്തുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി പരാതിയുന്നയിച്ചത്. എന്ന് സിപിഎം ഏക്കാട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു.

Top