കായിക മേളയില്‍ മുത്തുരാജ് മിന്നിച്ചു; നാടോടി കുടുംബത്തിന് ‘വെള്ളി’ തിളക്കം

കണ്ണൂര്‍: ആണ്‍കുട്ടികളുടെ ജൂനിയര്‍ 5000 മീറ്ററില്‍ വെള്ളി നേടിയത് ജീവിതത്തില്‍ പ്രതീക്ഷകള്‍ ഇല്ലെന്ന് ഉറപ്പിച്ച് ജീവിക്കുന്ന മുത്തുരാജാണ്. തെരുവില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ചും കൂലിപ്പണിയെടുത്തുമാണ് ഈ കുടുംബം കഴിയുന്നത്. കണ്ണൂരില്‍ താമസിക്കുന്ന ഈ നാടോടി കുടുംബത്തെ ലോകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് മുത്തുരാജ്.

മുത്തു വാങ്ങിയ വെള്ളിക്ക് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമാണെന്നാണ് ഇവരുടെ പിതാവ് ശേഖരന്‍ പറയുന്നത്. തങ്ങളുടെ മൂത്ത മകനും കായിക താരമാണെന്നും എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവന് ജോലി കിട്ടിയില്ലെന്നും കുടുംബം പറയുന്നു. മുത്തുവിന്റെ അച്ഛന്‍ ശേഖരന്റെ മുന്‍ തലമുറ തമിഴ്‌നാട് മധുരയില്‍ നിന്നും ഇവിടേക്ക് എത്തിപ്പെട്ടതാണ്.

വെള്ളയമ്മയാണ് ശേഖരന്റെ ഭാര്യ. ഇവര്‍ ആക്രിസാധനങ്ങള്‍ പെറുക്കിയും കൂലിപ്പണി എടുത്തുമാണ് കുട്ടികളെ വളര്‍ത്തുന്നത്. വീട്ടില്‍ ശേഖരന്റെ ജേഷ്ഠന്മാരും മക്കളുമടക്കം ഇരുപതു പേരുണ്ട്. ആറു മക്കളില്‍ നാലാമനാണ് മുത്തുരാജ്. മൂത്ത മകന്‍ ശിവ യൂണിവേഴ്സിറ്റി തലങ്ങളില്‍ മികവ് കാട്ടി. ജാതി സര്‍ട്ടിഫിക്കറ്റു ഇല്ലാത്തതിനാല്‍ പട്ടാള ജോലി ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. മകന്‍ ഉയരത്തിലെത്തുമെന്ന് അമ്മക്ക് ഉറപ്പുണ്ട്. കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസിലാണ് മുത്തുരാജ് പഠിക്കുന്നത്.

Top