നാദിര്‍ഷയുടെ പുതിയ ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ ; മ്യൂസിക് ലോഞ്ച് ചെയ്തു

നാദിര്‍ഷായുടെ ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ദിലീപും നമിത പ്രമോദും നിര്‍വഹിച്ചു. ”കണ്ടേ ഞാന്‍ ആകാശത്ത് ഒരു…” എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഹിഷാം അബ്ദുല്‍ വഹാബും നാദിര്‍ഷയും മുഹമ്മദ് അനസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫെബ്രുവരി 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മ്മിച്ച ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലം ഒരു വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളാണ്. മ്യൂസിക് ലോഞ്ചില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, കോട്ടയം നസീര്‍, സംവിധായകന്‍ റാഫി, നായകന്‍ ഷാഫി, പ്രൊഡ്യൂസര്‍ ആല്‍വിന്‍ ആന്റണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ് ചിത്രത്തിലെ നായകന്‍. നാദിര്‍ഷാ-റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു.

ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകന്‍ ഷാജി കുമാര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് സന്തോഷ് രാമന്‍,മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ്. ഡിസൈന്‍സ്-മാക്ഗുഫിന്‍ ആണ്.

Top