നാദിര്‍ഷാ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ദിലീപ് നായകനാകുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ദിലീപിന്റെ നായികയാകുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് നീങ്ങില്ലെന്നും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് നാദിര്‍ഷ.

തനിക്കും ദിലീപിനും ഉര്‍വശിക്കും ചിത്രത്തില്‍ മികച്ച പ്രതീക്ഷയാണെന്നും ഒരു ക്ലബ്‌ഹൌസ് സംവാദത്തില്‍ നാദിര്‍ഷ വ്യക്തമാക്കി. ഇതുവരെ ചെയ്തതില്‍ ഏറ്റവും രസകരമായ ചിത്രമാണ് ഇതെന്നും തിയറ്ററുകളില്‍ ആള്‍ക്കൂട്ടത്തിലിരുന്നാണ് ചിത്രം മികച്ച നിലയില്‍ ആസ്വദിക്കാനാകുക എന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് ദിലീപ് എത്തുന്നത് 60കാരനായാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്റെയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നു. കേശുവിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പിന്റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

Top