290 കോടിയുടെ കള്ളപ്പണവേട്ട: കള്ളപ്പണ ഇടപാടില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് നദ്ദ

ഡല്‍ഹി: മദ്യവ്യവസായഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ആദാനികുതി വകുപ്പ് പിടിച്ചെടുത്ത 290 കോടി രൂപയുടെ കള്ളപ്പണത്തില്‍ കോണ്‍ഗ്രസ് എം.പി. ധീരജ് സാഹുവിന്റെ പങ്കിനെ വിമര്‍ശിച്ച് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ. കള്ളപ്പണ ഇടപാടില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമം നിങ്ങളെ വെറുതെ വിടില്ലെന്നും നദ്ദ വ്യക്തമാക്കി.

നിങ്ങളും നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് ഇതിനു മറുപടി പറയേണ്ടത്. ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ രാജകുടുംബത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല. തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് അഴിമതിയുടെ ഗ്യാരന്റിയാണ് നല്‍കുന്നതെങ്കില്‍ മോദിജി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഗ്യാരന്റി നല്‍കുന്നു. ജനങ്ങളില്‍ നിന്ന് അപഹരിച്ച ഓരോ നാണയവും അവരിലേക്ക് തന്നെ തിരികെയെത്തും.- ജെ.പി. നദ്ദ എക്സില്‍ കുറിച്ചു.

ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തിയത്. ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടന്നു. ഝാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ബാല്‍ദേവ് സാഹു ഇന്‍ഫ്ര എന്ന മദ്യനിര്‍മാണക്കമ്പനിയും പരിശോധന നടത്തിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, എം.പി. ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നാട്ടുകാരില്‍നിന്ന് കൊള്ളയടിച്ച ഓരോ ചില്ലിക്കാശും തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

Top