നദ്ദയ്ക്ക് ലഭിച്ചത് മുള്‍ക്കിരീടം;പാര്‍ട്ടിയെ നയിക്കേണ്ടത് 14 തെരഞ്ഞെടുപ്പുകളില്‍!

ബിജെപി അധ്യക്ഷ പദവിയില്‍ ഇരിക്കുന്നവര്‍ക്ക് രണ്ട് വെല്ലുവിളികളുണ്ട്. ആര്‍എസ്എസുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം തെരഞ്ഞെടുപ്പും വിജയിക്കണം. കഴിഞ്ഞ അഞ്ചര വര്‍ഷത്തെ നേതൃപദവിയില്‍ അമിത് ഷാ ഇതില്‍ വിജയിച്ചു. ആര്‍എസ്എസ് പാരമ്പര്യത്തില്‍ നിന്നുള്ള പുതിയ പ്രസിഡന്റ് ജെപി നദ്ദയ്ക്ക് മാതൃസംഘടനയുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെങ്കിലും പാര്‍ട്ടിയിലെ അധീശത്വം ഷായുടേത് പോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂമോയെന്ന വലിയ ചോദ്യമാണ് ഇനിയുള്ളത്.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നിശബ്ദമായി നേതൃത്വം നല്‍കിയത് തന്നെയാണ് നദ്ദയെ പ്രധാനമന്ത്രി മോദിക്കും, അമിത് ഷായ്ക്കും പ്രിയങ്കരനാക്കിയത്. നിലവിലെ അവസ്ഥയില്‍ ജനുവരി വരെയാണ് നദ്ദയുടെ പ്രസിഡന്റ് ഭരണം. ഈ കാലയളവില്‍ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഇതില്‍ ഏഴിടത്ത് ബിജെപി ഭരിക്കുകയോ, സഖ്യസര്‍ക്കാരില്‍ അംഗമായി ഇരിക്കുകയോ ചെയ്യുന്നു.

ഉടന്‍ വരുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പാണ് ഇതില്‍ ആദ്യത്തേത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം നേടിയെങ്കിലും ഇതിനും മുന്‍പും പിന്‍പും നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് മോദിയുടെയും, ഷായുടെയും നാടായ ഗുജറാത്തില്‍ പോലും കഷ്ടിച്ചാണ് ബിജെപി കടന്നുകൂടിയത്. ഹിന്ദി ഹൃദയഭൂമിയില്‍ തോല്‍ക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങളില്‍ ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ദൗത്യത്തിന് പുറമെ നിലവില്‍ ഭരിക്കുന്ന ഇടങ്ങള്‍ നഷ്ടമാകാതെ നോക്കേണ്ട ചുമതലയും നദ്ദയ്ക്കാണ്.

ശിവസേന എതിരാളികളായ യുപിഎയിലേക്ക് ചുവടുമാറിയതോടെ നിരവധി പാര്‍ട്ടികള്‍ ബിജെപിയുടെ വല്ല്യേട്ടന്‍ മനോഭാവത്തില്‍ അസ്വസ്ഥരാണ്. ദീര്‍ഘകാല സഖ്യകക്ഷികളായ ജെഡിയു, അകാലിദള്‍ എന്നിവരും ഭിന്നസ്വരം ഉയര്‍ത്തുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷം സഖ്യകക്ഷികളെ പിടിച്ചുനിര്‍ത്തുന്നതും നദ്ദയ്ക്ക് വെല്ലുവിളിയാണ്.

ഇതിന് പുറമെ ബിജെപി നിലപാടുകള്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതാണെന്ന ആരോപണത്തിനും നദ്ദ മറുപടി നല്‍കേണ്ടി വരും. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്ന മോദി പ്രഭാവം മങ്ങാതെ കാത്തുസൂക്ഷിച്ച് 2024ലേക്ക് തയ്യാറെടുക്കേണ്ടതും പുതിയ അധ്യക്ഷന്‍ നേരിടുന്ന വെല്ലുവിളിയാണ്.

Top