Nadapuram waste plant -people stop the wast vehicle

കോഴിക്കോട്: നാദാപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്ലാന്റിനെതിരെ സമരം നടത്തുന്ന നാട്ടുകാരും വാഹനത്തിന് സംരക്ഷണം നല്‍കാനെത്തിയ പൊലീസും തമ്മിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

നാദാപുരം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മാലിന്യപ്ലാന്റിനെതിരെ രണ്ട് മാസമായി കര്‍മസമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. പ്ലാന്റിന് സമീപമുള്ള കിണറുകള്‍ മലിനമാകുന്നതും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം.

പ്ലാന്റിലേക്ക് മാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ കടത്തിവിടാത്തതിനെത്തുടര്‍ന്ന് മേഖലയില്‍ മാലിന്യ നീക്കം നിലച്ചിരുന്നു. പ്ലാന്റിലേക്ക് മാലിന്യമെത്തിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നാദാപുരം എഎസ്!പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ പത്ത് മണിയോടെ സ്ഥലത്തെത്തിയത്. എന്നാല്‍ മാലിന്യവാഹനങ്ങള്‍ കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സ്ത്രീകളടക്കമുള്ളവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് വാഹനങ്ങള്‍ പ്ലാന്റിലേക്ക് കടന്നത്. സമരം ശക്തിപ്പെടുത്താനാണ് കര്‍മസമിതിയുടെ തീരുമാനം.

Top