Nadapuram muder case; CPM warning for Party activists

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആക്രമണ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭാഗവാക്കാകരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും മുന്‍കൈ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ ഉറപ്പ് വരുത്തണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നാദാപുരത്തെ ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെയും ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

സംഘര്‍ഷം പടരാതിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങളും അംഗങ്ങളും മുന്‍കൈ എടുക്കാനും ക്രമസമാധാനം തകര്‍ക്കുന്ന ഒരു നടപടിയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭാഗവാക്കാവരുതെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘വരമ്പത്ത് കൂലി’ പ്രയോഗം സിപിഎം പ്രവര്‍ത്തകരില്‍ അമിതാവേശമുണ്ടാക്കാതിരിക്കാനാണ് ഈ നടപടി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ തിരിച്ചടിയുണ്ടാവുക സ്വാഭാവികമാണെങ്കിലും സമാധാനപരമായ അന്തരീക്ഷമുള്ള മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം.

ഇതിനിടെ നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി ഏതെങ്കിലും പ്രവര്‍ത്തകര്‍ വികാരപരമായി ഇടപെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

എന്നാല്‍ മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട 3-ാം പ്രതിയാണ് വെള്ളിയാഴ്ച വെട്ടേറ്റ് മരിച്ചത് എന്നതിനാല്‍ സിപിഎം തന്നെയാണ് വധത്തിന് പിന്നിലെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും സംശയവുമില്ലെന്ന നിലപാടിലാണ് മുസ്ലീംലീഗ്-കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍.

അതേസമയം ഇപ്പോഴത്തെ ആക്രമണ സംഭവങ്ങളില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണെന്നാണ് ലഭിക്കുന്ന വിവരം.

സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ പ്രതികളെ പിടികൂടാനും കര്‍ക്കശ നടപടി സ്വീകരിക്കാനും ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top