അംഗീകാരം കിട്ടാന്‍ കേരള ബാങ്ക് സമര്‍പ്പിച്ചത് കള്ളകണക്കുകള്‍! നബാര്‍ഡിന്റെ റിപ്പോര്‍ട്ട്

മലപ്പുറം: കേരള ബാങ്കില്‍ ലയിപ്പിച്ച 13 ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത ഉണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു. പത്ത് ബാങ്കുകള്‍ക്ക് മാത്രമാണ് മൂലധന പര്യാപ്തതയുള്ളതെന്ന് നബാര്‍ഡിന്റെ റിപ്പോര്‍ട്ട്.കേരള ബാങ്കിന് അംഗീകാരം കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ സമര്‍പ്പിച്ച കണക്കുകള്‍ക്ക് വിരുദ്ധമായാണ് നബാര്‍ഡ് കൊണ്ടുവന്ന റിപ്പോര്‍ട്ട്.

കേരള ബാങ്കിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കേരള ബാങ്കില്‍ ലയിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിനും മറ്റും 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും മൂലധന പര്യാപ്തത വേണമെന്നായിരുന്നു. ഇതില്‍ രണ്ട് ബാങ്കുകളൊഴികെ മറ്റെല്ലാ ബാങ്കുകള്‍ക്കും മൂലധന പര്യാപ്തത ഉണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കേരള ബാങ്കിന് അംഗീകാരം നേടിയെടുത്തത്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത ഇല്ല എന്ന് കണ്ടെത്തി. കേരള ബാങ്കിന് അംഗീകാരം കിട്ടാനായി സര്‍ക്കാര്‍ ബാങ്കുകളുടെ മൂലധന ആസ്തി പെരുപ്പിച്ചു കാണിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാണെന്ന് സഹകരണ വകുപ്പ് പറയുന്ന ആറ് ജില്ലാ ബാങ്കുകള്‍ നഷ്ടത്തിലാണെന്ന് നബാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നബാര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രസക്തമല്ലെന്നാണ് കേരള ബാങ്ക് അധികൃതരുടെ വാദം. 2018-19 സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്ന 780 കോടിയുടെ നഷ്ടം നികത്തിയാലേ അന്തിമാനുമതി കിട്ടുവെന്ന് നേരത്തെ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. നബാര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം, റിസര്‍വ്വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മൂലധന പര്യാപ്തതയില്ലാത്ത ബാങ്കുകള്‍ ഇവയാണ്. ഇടുക്കി (8.4%), പത്തനംതിട്ട (7.1%), തിരുവനന്തപുരം (10.8%), വയനാട് (7.9%). നബാര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 2018-19ല്‍ നഷ്ടത്തിലുള്ള ബാങ്കുകള്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, വയനാട് എന്നിവയാണ്.

Top